Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roshi Augustine

എല്ലാം കെട്ടുകഥ; കേരള കോൺഗ്രസിൽ റോ ഗ്രൂപ്പില്ലെന്നു റോഷി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിൽ റോ ഗ്രൂപ്പില്ല തന്‍റെ ജീവിതകാലത്തിൽ ഒരിക്കലും അങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടാകില്ലെന്നും ഇപ്പോൾ പ്രചരിക്കുന്നതെല്ലാം കെട്ടുകഥയാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ജോസ് കെ. മാണി പാലായിൽ മത്സരിക്കണമെന്നതു തന്‍റെ വ്യക്തിപരമായ ആഗ്രഹമാണ്.

പാലായെ അനാഥമാക്കാനാകില്ല. അവിടെയുള്ള ജനങ്ങൾ തെറ്റ് തിരുത്താൻ ജോസ് കെ. മാണിക്കു വേണ്ടി വ്യഗ്രതയോടെ നിൽക്കുകയാണ്. അദ്ദേഹവുമായി ഒരു തർക്കവുമില്ല. പാർട്ടി ചെയർമാൻ ജോസ് കെ. മാണി പറയുന്നതാണ് പാർട്ടിയുടെ അഭിപ്രായം. യുഡിഎഫിലേക്കു പോകുമെന്നും കേരള കോണ്‍ഗ്രസ്-എമ്മിലെ ആരും പറഞ്ഞിട്ടില്ല. എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്ന് പാർട്ടി ചെയർമാൻതന്നെ പറഞ്ഞിരുന്നു.

പാലായിൽ ജോസ് കെ. മാണി മത്സരിക്കുമെന്നും പാർട്ടി തീരുമാനിക്കുമെന്നാണ് താൻ പറഞ്ഞത്. കെ.എം. മാണിയേക്കാൾ കൂടുതൽ അപ്ഗ്രേഡായ നേതാവാണ് ജോസ്. പാർലമെന്‍റിലെ അദ്ദേഹത്തിന്‍റെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കടലിന്‍റെ അവകാശം കടലിന്‍റെ മക്കൾക്കെന്ന് അദ്ദേഹം പാർലമെന്‍റിൽ പ്രഖ്യാപിച്ചിരുന്നു.

ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖലയാത്രയിൽ വലിയ ജനപങ്കാളിത്തമാണ്. കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലേക്കു പോകുമെന്ന് വിശ്വസിക്കുന്ന യുഡിഎഫ് നേതാക്കൾ അവരുടെ വിശ്വാസവുമായി മുന്നോട്ടു പോകട്ടെയെന്നും റോഷി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

Kerala

മുന്നണി മാറ്റത്തെച്ചൊല്ലി അഭ്യൂഹം; യുഡിഎഫിലേക്കു തിരിച്ചെത്താന്‍ ക്ഷണം!

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയെ യുഡിഎഫിലേക്ക് തിരിച്ചെത്താന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായി റിപ്പോർട്ടകൾ. എന്നാല്‍ ഈ വിഷയത്തില്‍ ജോസ് കെ. മാണി ഇനിയും പരസ്യപ്രതികരണം നടത്തിയിട്ടില്ല.

അതേസമയം, കക്ഷിയിലെ പ്രമുഖ നേതാവും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിന്‍ എൽഡിഎഫിനൊപ്പം തുടരുമെന്നാണ്  മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. കേരള കോണ്‍ഗ്രസിന്‍റെ യുഡിഎഫ് പ്രവേശത്തെ മുസ്‌ലിം ലീഗും പിന്തുണയ്ക്കുന്നുണ്ട്. മുന്നണി മാറ്റം സംബന്ധിച്ചു ജോസ് കെ. മാണി നേരത്തെ തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും അതാണ് ഒൗദ്യോഗിക പ്രതികരണമെന്നുമാണ് റോഷി അഗസ്റ്റിൻ മാധ്യമങ്ങളോടു പറഞ്ഞത്. 

മധ്യ തിരുവിതാംകൂർ, തൃശൂര്‍, മലബാര്‍ മേഖലകളിലെ 46 അസംബ്ലി സീറ്റുകളില്‍ ക്രിസ്ത്യന്‍ വോട്ട് ബേസ് ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫ് പ്രഖ്യാപിച്ച മധ്യമേഖല ജാഥ ജോസ് കെ.മാണി നയിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഈ ജാഥയ്ക്കു ജോസ് കെ. മാണി നേതൃത്വം നൽകുമോയെന്ന ആകാംക്ഷയിലാണ് രാഷ്‌ട്രീയ വൃത്തങ്ങൾ.

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ മുന്നണിമാറ്റ ചര്‍ച്ചകള്‍ സജീവമായ സമയത്ത്, മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എമാരായ എന്‍ ജയരാജ്, പ്രമോദ് നാരായണന്‍ തുടങ്ങിയവര്‍ എല്‍ഡിഎഫ് വിട്ടുപോകുന്നതിനോടു യോജിച്ചില്ലെന്നാണ് മാധ്യമ റിപ്പോർട്ട്. വരും ദിവസങ്ങളിൽ പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നുണ്ട്. ഇതിനു ശേഷം മുന്നണിമാറ്റം ഉണ്ടോ ഇല്ലെയോ എന്നതിൽ വ്യക്തമായ പ്രതികരണം നേതാക്കൾ നടത്തുമെന്നാണ് കരുതുന്നത്. 

 

 

Latest News

Up